
ഇംഫാൽ: നടി സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിക്ക് സമീപം സ്ഫോടനം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സ്ഫോടനം നടന്നത്. ഫാഷൻ ഷോ നടക്കേണ്ട വേദിയിൽ നിന്നും വെറും നൂറ് മീറ്റർ മാറിയാണ് സ്ഫോടനം നടന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തില്‍ ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങളോ ഗ്രനേഡോ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ കുടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.