
ഇസ്റ്റംബുൾ: തുർക്കിയിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടർന്ന് 15 പേർ മരിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. തെക്കു കിഴക്കൻ തുർക്കി-സിറിയൻ അതിർത്തി മേഖലയിൽ കരമൻമറാഷ് നഗരത്തോട് ചേർന്നാണ് ഭൂചലനം അനുഭവപ്പെട്ടത്. സൈപ്രസ്, ലെബനൻ തുടങ്ങിയ നഗരങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.
പ്രാദേശിക സമയം പുലർച്ചെ 4.17ഓടെയായിരുന്നു ഭൂചലനം. 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. ഗസിയെന്‍റപ്പ് നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് ഭൂമിക്കടിയിൽ 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
നിരവധി കെട്ടിടങ്ങൾ തകർന്നുവെന്നാണ് ലഭ്യമായ വിവരം. 15 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ഭൂകമ്പം വരുത്തിയ നാശനഷ്ടങ്ങൾ വളരെയേറെയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോകൾ സൂചിപ്പിക്കുന്നത്. നിരവധി പേരാണ് തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
ഭൂകമ്പത്തെ തുടർന്ന് തുർക്കി നാലാംഘട്ട ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ സഹായം അഭ്യർഥിച്ചുകൊണ്ടുള്ള അടിയന്തര സാഹചര്യത്തിലാണ് നാലാംഘട്ട ജാഗ്രത പുറപ്പെടുവിക്കുന്നത്.