
തൃശൂർ : തൃശൂർ വാടാനപ്പള്ളി ഗണേശമംഗലത്ത് റിട്ടയേർഡ് അധ്യാപികയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഗണേശമംഗലം സ്വദേശിയും കൊല്ലപ്പെട്ട അധ്യാപികയുടെ അയൽവാസിയുമായ ജയരാജനാണ് പോലീസ് പിടിയിലായത്. കവർച്ച ശ്രമത്തിനിടെയുള്ള പിടിവലിക്കിടെയാണ് അധ്യാപികയ്ക്ക് തലയ്ക്ക് മർദനമേറ്റ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെയാണ് വിരമിച്ച അധ്യാപികയെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തനിച്ച് താമസിച്ചു വരികയായിരുന്ന ഗണേശമംഗലം സ്വദേശിനി വസന്ത (76) ആണ് കൊല്ലപ്പെട്ടത്.
കവർച്ചയ്ക്ക് വേണ്ടിയാണ് കൊലപാതകമെന്ന് പോലീസ് രാവിലെ തന്നെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട വസന്തയുടെ ദേഹത്ത് ഉണ്ടായിരുന്ന ആഭരണങ്ങൾ എല്ലാം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ അയൽവാസികളാണ് വസന്തയുടെ മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസിന് വേഗത്തിൽ തന്നെ പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിക്കുകയും അയൽവാസിയായ ജയരാജനെ പിടികൂടുകയുമായിരുന്നു.