
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. റോഡിന്റെ ശോചനീയാവസ്ഥയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരൂര്‍ താലൂക്ക് ബസ് തൊഴിലാളി യൂണിയന്‍ സമരം നടത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം മാര്‍ച്ച് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. പ്രവര്‍ത്തി ദിനമായ ഇന്ന് ബസ് പണിമുടക്കിയത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയായി.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുക, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട് കാണിക്കുന്ന മോശം സമീപനത്തില്‍ മാറ്റം വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുക.
നിലവില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന ഇടമാണ് തിരൂര്‍ നഗരം. വളരെ കുറച്ച് കെഎസ്ആര്‍ടിസി ബസ്സുകളാണ് ഇവിടെ സര്‍വ്വീസ് നടത്തുന്നത്. അതു കൊണ്ട് തന്നെ ഈ സമരം ഇവിടത്തെ ജനജീവിതത്തെ ഏറെ ബാധിക്കും.