
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്.പി ഓഫീസുകളിലേക്ക് യൂത്ത് ലീഗ് വെള്ളിയാഴ്ച മാർച്ചും ധർണയും സംഘടിപ്പിക്കും.
സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധത്തിൽ മുതിർന്ന നേതാക്കളടക്കം പങ്കെടുക്കും. രാവിലെ ഒമ്പതരക്ക് കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തുന്ന മാർച്ച് കെ.എം ഷാജി ഉദ്ഘാടനം ചെയ്യും. സമരം കൂടുതൽ ശക്തമാക്കാനാണ് ലീഗ് ആലോചിക്കുന്നത്.എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നാണ് യൂത്ത് ലീഗ് ആരോപിച്ചു. സെക്രട്ടറിയേറ്റിലേക്ക് നടന്ന സേവ് കേരള മാർച്ചിലെ സംഘർഷത്തിന്റെ പേരിലാണ് പി.കെ. ഫിറോസിനെ ജനുവരി 23ന് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസിനെ ആക്രമിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. ഇൗ മാസം 18ന് നടന്ന മാർച്ചുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് നേതാക്കന്മാരെ റിമാന്റ് ചെയ്തിട്ടുണ്ട്.