
കൊല്ലം: മകളെ ശല്യം ചെയ്യുന്നുവെന്ന് പൊലീസുകാരൻ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച 21 കാരൻ തൂങ്ങിമരിച്ചു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യംചെയ്യലിന് വിളിച്ച് വരുത്തിയ ചവറ സ്വദേശി അശ്വന്ത് (21) ആണ് ഇന്നലെ രാത്രി ജീവനൊടുക്കിയത്. മകളെ ശല്യം ചെയ്യുന്നുവെന്ന പൊലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റ് ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അശ്വന്തിനെ ചവറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു.
അശ്വന്തിനെ ചോദ്യം ചെയ്യുന്നതിനിടെ പെൺകുട്ടി വീട്ടിൽ ഞരമ്പ് മുറിച്ചതായി വിവരം ലഭിച്ചു. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് അശ്വന്തിനെ പൊലീസ് വിട്ടയച്ചത്. രാത്രി 10.30 ന് സുഹൃത്തുകളാണ് അശ്വന്തിനെ വീട്ടിൽ എത്തിച്ചത്. ഇന്ന് രാവിലെ 7 ന് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.