
കണ്ണൂർ: ബൈക്കിൽ കടത്തുകയായിരുന്ന മുക്കാൽ കിലോ കഞ്ചാവുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിൽ. പേരാവൂർ എക്സൈസ് സംഘം പാൽ ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കൊട്ടിയൂർ സ്വദേശികൾ പിടിയിലായത്.
750 ഗ്രാം കഞ്ചാവുമായി ബൈക്ക് യാത്രക്കാരായ പാൽച്ചുരത്തെ തോട്ടവളപ്പിൽ അജിത് കുമാർ (42) നീണ്ടു നോക്കി ഒറ്റപ്ലാവിൽ സേതുമാധവന്റെ ഭാര്യ ശ്രീജ ( 39 ) എന്നിവരെയാണ് പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷും സംഘവും പിടികൂടിയത്.
കൊട്ടിയൂർ, നീണ്ടു നോക്കി ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു. ആവശ്യക്കാർക്കായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന കാരിയർമാരായ ഇവർ കുറച്ചു കാലമായി നിരീക്ഷണത്തിലായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗമായ എം പി സജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ എക്സൈസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് പ്രതികൾ പിടിയിലാവാൻ കാരണം.
തിങ്കളാഴ്ച്ച വൈകുന്നേരം ആറു മണിയോടെ പാൽച്ചുരം ആശ്രമം ജങ്ഷനിൽ വെച്ചാണ് അടുത്ത ബന്ധുക്കളായ യുവാവും യുവതിയും പിടിയിലായത്. ഇവർ നിരവധി അബ്കാരി എൻ ഡി പി എസ് കേസുകളിലെ പ്രതിയായ തോട്ടവിള കുട്ടപ്പൻ എന്നയാളുടെ മകളും സഹോദരിയുടെ മകനുമാണ്. പ്രതികളെ ഇന്ന് കുത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.