
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 48 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി. ധന്‍പൂരില്‍ നിന്ന് കേന്ദ്രമന്ത്രി പ്രതിമ ഭൂമിക് മത്സരിക്കും. മുഖ്യമന്ത്രി മണിക് സാഹ ടൗണ്‍ ബോര്‍ഡോവാലിയില്‍ നിന്ന് മത്സരിക്കും. ത്രിപുരയില്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന ബിജെപി ആകെയുള്ള 60 സീറ്റുകളിലേക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റജീബ് ഭട്ടാചാര്യ അറിയിച്ചു.
ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും പാര്‍ലമെന്ററി കമ്മിറ്റിയുടെയും യോഗത്തിന് ശേഷമാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. പട്ടികജാതി, ഗോത്ര, ഒബിസി, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു.
വെള്ളിയാഴ്ച ബിജെപിയില്‍ ചേര്‍ന്ന കൈലാഷഹര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള ത്രിപുര പ്രതിപക്ഷ എംഎല്‍എ എം.ഡി.മബശ്വര്‍ അലി കൈലാഷഹറില്‍ നിന്ന് തന്നെ ജനവിധി തേടും.
ത്രിപുരയിലെ എല്ലാ മണ്ഡലങ്ങളിലും ഫെബ്രുവരി 16ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27 നാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടുകള്‍ മാര്‍ച്ച് 2ന് എണ്ണും.