
പുണെ: കുഞ്ഞുണ്ടാകാൻ യുവതിയെ പൊടിച്ച മനുഷ്യ അസ്ഥി കഴിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ പുണെ പൊലീസിലാണ് പരാതി ലഭിച്ചത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും അറസ്റ്റ് ചെയ്തു.ഏഴു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ മന്ത്രവാദിയുടെ നിർദേശമനുസരിച്ചാണ് ഭർതൃവീട്ടുകാർ മനുഷ്യ അസ്ഥി സംഘടിപ്പിച്ച് പൊടിച്ച് മരുമകളെ കൊണ്ട് കഴിപ്പിച്ചത്.
അമാവാസി രാത്രികളിൽ യുവതിയെ ബലമായി ഏതെങ്കിലും ശ്മശാനത്തിലെത്തിച്ച് മന്ത്രവാദം നടത്തി മനുഷ്യാസ്ഥി പൊടിച്ച് തീറ്റിക്കുമായിരുന്നത്രെ. മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ അജ്ഞാത പ്രദേശത്തേക്ക് ഭർത്താവിന്റെ അമ്മ യുവതിയെ കൊണ്ടുപോകുകയും ഒരു വെള്ളച്ചാട്ടത്തിന് താഴെ നിർത്തി മന്ത്രവാദം നടത്തിയതായും പരാതിയിലുണ്ട്.
വീഡിയോ കോളിലൂടെ മന്ത്രവാദിയിൽനിന്നും അതാതു സമയങ്ങളിൽ നിർദേശങ്ങൾ സ്വീകരിച്ചായിരുന്നു ഇതെല്ലാം ചെയ്തതെന്ന് പുണെ സിറ്റി പൊലീസ് ഡി.സി.പി സുഹൈൽ ശർമ പറഞ്ഞു. പ്രസ്തുത കുടുംബം വിദ്യാസമ്പന്നരാണെങ്കിലും ഇപ്പോഴും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരാണെന്നും പൊലീസ് പറയുന്നു.
സ്ത്രീധനമായി പണവും സ്വർണവും വെള്ളിയും ആവശ്യപ്പെട്ടതിനും യുവതി മറ്റൊരു പരാതി കൂടി ഭർതൃവീട്ടുകാർക്കെതിരെ നൽകിയിട്ടുണ്ട്.