
തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയെ വെള്ളിയാഴ്ച 10 മണിക്കൂറിലധികം നേരം ചോദ്യംചെയ്തു. നിക്ഷേപത്തുകയുടെ വിനിയോഗം സംബന്ധിച്ചായിരുന്നു കൂടുതലും ചോദ്യങ്ങൾ. എന്നാൽ, ചോദ്യങ്ങൾക്കെല്ലാം പണം ബിസിനസിൽ നിക്ഷേപിച്ചുവെന്ന ഒറ്റ മറുപടിയാണ് ലഭിച്ചത്. മൂന്നു മണിക്കൂറിനു ശേഷം അര മണിക്കൂർ ഇടവേള നൽകിയായിരുന്നു ചോദ്യംചെയ്യൽ.
23 അക്കൗണ്ടുകളിലൂടെ 130 കോടി രൂപയോളമാണ് പ്രവീൺ റാണക്ക് വന്നത്. അക്കൗണ്ടുകളിലൂടെ അല്ലാതെയെത്തുന്ന തുകയുടെ കണക്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതോടൊപ്പം ജീവനക്കാരെ വിളിപ്പിച്ചുള്ള മൊഴിയെടുപ്പുകളും വിവരശേഖരണവും നടക്കുന്നുണ്ട്. വെള്ളിയാഴ്ച രണ്ടു ജീവനക്കാരെ വിളിച്ചുവരുത്തി പ്രവീൺ റാണയുടെ ഇടപാടുകൾ സംബന്ധിച്ച് മണിക്കൂറുകളോളമെടുത്ത് വിശദമായി ചോദിച്ചറിഞ്ഞു.
ഇന്ന് പ്രവീൺ റാണയെ സേഫ് ആൻഡ് സ്ട്രോങ് സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുക്കും. റാണയുടെ അറസ്റ്റിന് കാരണമായ പീച്ചി സ്വദേശിനിയുടെ പരാതി പ്രകാരം ആദംബസാറിലെ ഓഫിസ്, പുഴക്കലിലെ കോർപറേറ്റ് ഓഫിസ്, പുത്തൻപള്ളിക്ക് സമീപമുള്ള കൈപ്പുള്ളി കമ്യൂണിക്കേഷൻസ്, കുന്നംകുളം ഓഫിസ് എന്നിവിടങ്ങളിലെത്തിച്ചും ഇടപാട് രേഖകൾ ഒളിച്ചുകടത്തി സൂക്ഷിച്ചിരുന്ന പുതുക്കാട് പാലാഴിയിലെ വാടകവീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും.
ഈ മാസം 28 വരെയാണ് പ്രവീൺ റാണയെ കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 21 സ്ഥലങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിർണായകമായ ഇടപാട് രേഖകൾ കണ്ടെടുത്തിരുന്നു. നിലവിൽ 2.25 ലക്ഷമാണ് സേഫ് ആൻഡ് സ്ട്രോങ് കമ്പനിയുടെ അക്കൗണ്ടിലുള്ളത്. തുകകൾ ആറു മാസത്തിനുള്ളിലാണ് വിവിധ അക്കൗണ്ടുകളിലേക്കായി മാറ്റിയത്.