
പാലക്കാട് : ധോണിയെ വിറപ്പിച്ച കൊമ്പൻ പി.ടി 7നെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെ 7.10ഓടെയാണ് കൂർമ വനമേഖലയിൽ വെച്ച് ആനയെ മയക്കുവെടി വെച്ചത്.
ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടി 7 നെ വെടിയുതിർത്തത്. സുരേന്ദ്രൻ, ഭരത്, വിക്രം എന്നീ കുങ്കിയാനകളും സംഘത്തിനൊപ്പമുണ്ട്.
ഇന്നലെയും ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും ആന ഉൾക്കാട്ടിലേക്ക് കയറിയത് തിരിച്ചടിയാവുകയും ദൗത്യം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
നാലു വർഷമായി പാലക്കാട്ടെ ജനവാസമേഖലയിലെ സ്ഥിര സാന്നിധ്യമാണ് പിടി 7 എന്ന ഒറ്റക്കൊമ്പൻ. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്ക് ഇറങ്ങിയയാളെ ആന ചവിട്ടിക്കൊന്നിരുന്നു. നിരവധി പേർ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. ഏക്കർ കണക്കിനു കൃഷിയാണ് ഈ കാട്ടുകൊമ്പൻ നശിപ്പിച്ചത്.
പിടി 7 നെ പിടികൂടണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം വനംവകുപ്പ് എടുത്തെങ്കിലും പിന്നീട് മാറ്റി. ഇതോടെ ജനരോഷം ശക്തമായി. തുടർന്നാണു പിടി 7 നെ പിടികൂടാൻ ദൗത്യസംഘത്തെ നിയോഗിച്ചത്.