
കൊച്ചി: പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേററ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.പറവൂര്‍ ചേന്ദമംഗലം കൊല്ലനാപ്പറമ്പില്‍ ജോര്‍ജ് (57) ആണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ് മരണം. രണ്ട് ദിവസം മുമ്പ് ആശുപത്രി വിട്ട് വീട്ടിലെത്തിയ ജോര്‍ജ് ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.
ജനുവരി 16നാണ് പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍നിന്ന് ജോര്‍ജ് ഭക്ഷണം പാര്‍സര്‍ വാങ്ങി കഴിച്ചത്. ഇതിനുപിന്നാലെ വയറു വേദനയെ തുടര്‍ന്ന് 19ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 27നാണ് ആശുപത്രി വിട്ടത്.
ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്ന് ആരോപിച്ച് ജോര്‍ജിന്റെ ബന്ധുക്കള്‍ വടക്കേക്കര പൊലീസില്‍ പരാതി നല്‍കി. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണം കാരണം വ്യക്തമാകൂ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
മജ്‌ലിസ് ഹോട്ടലിൽനിന്ന് നേരത്തെ കുഴിമന്തി, അല്‍ഫാം, ഷവായ എന്നിവ കഴിച്ച എഴുപതിലേറെ ആളുകൾ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. തുടർന്ന് ഹോട്ടലിന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്തു.ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയ ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.