
പാലക്കാട്ടെ ധോണിയിലെ ജനവാസമേഖലയെ വിറപ്പിച്ച പി ടി 7 (പാലക്കാട് ടസ്കർ സെവൻ) ആനയ്ക്ക് ഇനി പുതിയ പേര്. ‘ധോണി’ എന്ന പേരാണ് വനം വകുപ്പ് ആനയ്ക്ക് നൽകിയിരിക്കുന്നത്. നാടിനെ ഭീതിയിലാക്കിയ കാട്ടുകൊമ്പനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കൂട്ടിലാക്കിയ ശേഷം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആണ് പേരിട്ടത്. ധോണി ഗ്രാമത്തെ അറിയുന്ന പി ടി സെവന് അനുയോജ്യമായ പേരാണ് ‘ധോണി’ എന്ന് മന്ത്രി പറഞ്ഞു. പി ടി സെവനെ പിടികൂടാനുള്ള ദൗത്യത്തോടെയാണ് ധോണി പ്രശസ്തമായത്. പി ടി സെവനെ വനം വകുപ്പിൻ്റെ സ്വത്തായി സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
പി ടി സെവനെ കുങ്കിയാനയാക്കുമെന്ന് ദൗത്യത്തിൽ പ്രധാന പങ്കുവഹിച്ച ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ പറഞ്ഞു. ഇതിനായുള്ള പരിശീലനം ഉടൻ ആരംഭിക്കും. ആനയെ പിടികൂടാനുള്ള ദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ 75 അംഗ സംഘമാണ് പി ടി സെവനെ പിടികൂടാനുള്ള ദൗത്യത്തിൻ്റെ ഭാഗമായത്. ഇന്നലെ മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടാകാത്തതിനാൽ ദൗത്യം അവസാനിപ്പിച്ചിരുന്നു.
ഇന്ന് രാവിലെ വീണ്ടും ദൗത്യം ആരംഭിച്ച്, 7.10 നും 7.15 നും ഇടയിൽ മയക്കുവെടിവെച്ചു. ആനയുടെ ഇടതു ചെവിയുടെ താഴെയായി മുൻകാലിന് മുകളിലായാണ് വെടിയേറ്റത്. 45 മിനിറ്റിനുള്ളിൽ മയങ്ങിയ ആനയെ വിക്രം, ഭരത്, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനുകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി ധോണി സെക്ഷൻ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. ഇതിനിടെ കുങ്കിയാനയെ ആക്രമിക്കാനും പി ടി സെവൻ ശ്രമം നടത്തി. ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച ആനയ്ക്ക് മയക്കുമരുന്നിൻ്റെ ഒരു ബൂസ്റ്റർ ഡോസ് കൂടി നൽകിയ ശേഷം കൂട്ടിലാക്കുകയായിരുന്നു. യൂക്യാലിപ്റ്റസ് മരങ്ങൾകൊണ്ടു നിർമ്മിച്ച പ്രത്യേക കൂട്ടിലാണ് പി ടി സെവനെ തളച്ചിരിക്കുന്നത്.
കഴിഞ്ഞ ഏഴു മാസമായി ധോണിക്കാരുടെ പേടിസ്വപ്നമായി മാറിയ കാട്ടാനയായിരുന്നു പി ടി സെവൻ. കാട്ടിൽനിന്നു നാട്ടിലെത്തിയ കൊമ്പനെ തുരത്താൻ പല മാർഗങ്ങളും സ്വീകരിച്ചെങ്കിലും പി ടി സെവനു മുമ്പിൽ എല്ലാം പരാജയപ്പെട്ടു. പ്രദേശത്ത് കൊമ്പൻ വലിയ കൃഷിനാശമാണ് ഉണ്ടാക്കിയത്. കഴിഞ്ഞവർഷം ജൂലൈയിൽ പി ടി സെവൻ്റെ ആക്രമണത്തിൽ പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമന് ജീവൻ നഷ്ടമായിരുന്നു.