
ഭോപ്പാൽ: മധ്യപ്രദേശിലെ വിദിഷയിൽ മുൻ ബി.ജെ.പി നേതാവും ഭാര്യയും മക്കളെ കൊന്ന ശേഷം ജീവനൊടുക്കി. സഞ്ജീവ് മിശ്ര(45), ഭാര്യ നീലം(42), മക്കളായ അൻമോൾ(13) സാർത്തക്(7) എന്നിവരാണ് മരിച്ചത്.
പൂട്ടിക്കിടന്ന വാതിൽ തകർത്ത് മുറിയുടെ അകത്ത് കടന്ന പൊലീസ് നാല് പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച രണ്ട് മക്കളുടെയും ആരോഗ്യസ്ഥിതിയിൽ ദമ്പതികൾ മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, സംഭവത്തിന് തൊട്ടു മുമ്പ് സഞ്ജീവ് മിശ്ര സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പങ്ക് വെച്ചിരുന്നു. ‘ ശത്രുവിന്‍റെ മക്കളെ പോലും ദൈവം ഇത്തരം രോഗങ്ങളിൽ നിന്നു രക്ഷിക്കട്ടെ. എനിക്ക് കുട്ടിക്കളെ ഇൗ അവസ്ഥയിൽ നിന്നു രക്ഷിക്കാനാവുന്നില്ല. ഇനി ജീവിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല’- മിശ്ര ട്വീറ്റ് ചെയ്തു. വിദിഷയിലെ സിവിൽ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.