
തൃശ്ശൂർ: പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. എംഎൽഎ മുരളി പെരുനെല്ലി വിഷയത്തിൽ ഇടപെട്ടു.
ജില്ലാ കളക്ടറുമായും പൊലീസുമായും അദ്ദേഹം സംസാരിച്ചു. ഇതേ തുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആൺമക്കളെയും ഉടൻ പാവറട്ടിയിലെത്തിക്കുകയും അമ്മയുടെ അന്ത്യകർമ്മങ്ങളിൽ ഭാഗമാക്കുകയും ചെയ്തു.
ഭർതൃ വീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുടർന്ന് മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശയുടെ മൃതദേഹം സംസ്കരിക്കാൻ കഴിഞ്ഞിരുന്നില്ല.
വ്യാഴാഴ്ചയാണ് നാട്ടികയിലെ ഭർതൃ വീട്ടിൽ വെച്ച് ആശ കുന്നിക്കുരു കഴിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രവാസിയായ സന്തോഷ് വിവരമറിഞ്ഞ് നാട്ടിലെത്തി. ഇതിനിടെ വെള്ളിയാഴ്ച ആശുപത്രിയിൽ വെച്ച് ആശ മരിക്കുകയായിരുന്നു.
ആശയുടെ കുടുംബവും സന്തോഷും ഈ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
മരണം നടന്നതിന് പിന്നാലെ മൃതദേഹം കാണാൻ പോലും നിൽക്കാതെ സന്തോഷ് ആശുപത്രിയിൽ നിന്ന് മടങ്ങി.
നാട്ടികയിൽ മൃതദേഹം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായില്ല. തുടർന്ന് ഇന്ന് രാവിലെ പത്തിന് പാവറട്ടി വീട്ടിൽ സംസ്കാരം നിശ്ചയിക്കുകയായിരുന്നു.
എന്നാൽ സന്തോഷും കുടുംബവും സ്വന്തം മക്കളെ അമ്മയുടെ സംസ്ക്കാര ചടങ്ങുകൾക്ക് അയക്കാതെ തടഞ്ഞുവെച്ചു. ആശയുടെ വീട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും മക്കളെ വിട്ടുകൊടുക്കാൻ തയ്യാറായില്ല.
ആശയും സന്തോഷും 12 വർഷം മുൻപാണ് വിവാഹിതരായത്. ഇവരുടെ ആൺമക്കൾക്ക് പത്തും നാലും വയസാണ് പ്രായം.
ആശ വന്നുകയറിയ ശേഷം വീട്ടിൽ ഐശ്വര്യമില്ലെന്ന് ആരോപിച്ച് സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് ആശയുടെ കുടുംബം ആരോപിച്ചത്. ഇതേ തുടർന്നാണ് ആത്മഹത്യയെന്നും ഇവർ പറയുന്നു.