
പുൽവാമ: സുരക്ഷ വീഴ്ച ആരോപിച്ച് വെള്ളിയാഴ്ച താൽക്കാലികമായി നിർത്തിവെച്ച ഭാരത് ജോഡോ യാത്ര ഇന്ന് അവന്തിപോറയിലെ ചെർസൂ ഗ്രാമത്തിൽ നിന്ന് പുനരാരംഭിച്ചപ്പോൾ പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹ്ബൂബ മുഫ്തിയും യാത്രയിൽ അണിചേർന്നു.
അതേസമയം തുരങ്കത്തിന്റെ മറുവശത്ത് നിന്ന് ആളുകൾ യാത്രയിൽ ചേർന്നെന്ന അഭ്യൂഹങ്ങൾ ജമ്മു കശ്മീർ കോൺഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിർ തള്ളിക്കളഞ്ഞു. “ഇന്നലെ ആയിരക്കണക്കിന് ആളുകൾ യാത്രയിൽ പങ്കെടുക്കാൻ എത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ പറ്റാതെവന്നു. തുരങ്കത്തിന്റെ മറുവശത്ത് നിന്ന് ആളുകൾ എത്തിയതായും വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണ്”- ഗുലാം അഹമ്മദ് മിർ പറഞ്ഞു.
ഇന്ന് സേനകൾ ധാരാളമുണ്ട്. അതിനാൽ യാത്രയിൽ ചേരാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് താൻ അഭ്യർഥിക്കുന്നു. ഇത് സുരക്ഷാ സേനയുടെ യാത്രയാകരുതെന്നും ആളുകൾക്ക് യാത്രയിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച സുരക്ഷവീഴ്ചയെ തുടർന്നാണ് യാത്ര നിർത്തിവെച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സുരക്ഷ സേന പരാജയപ്പെട്ടത് കേന്ദ്രത്തിനും ജമ്മു കശ്മീർ ഭരണകൂടത്തിനുമെതിരെ പാർട്ടിയുട കനത്ത വിമർശനത്തിന് കാരണമായി.
ഭാരത് ജോഡോ യാത്രയുടെ 15 മിനിറ്റോളം സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആരോപിച്ചു.