
വ്യാജ ഐ ഫോൺ വിറ്റ നാല് കടകൾക്കെതിരെ തിരുവനന്തപുരത്ത് കേസ്. തകരപ്പറമ്പിലുള്ള നാല് കടകൾക്കെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്. ഗ്രാഫിൻ ഇന്റലിജന്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നൽകിയ പരാതിയിലാണ് കേസ്. വ്യാജ ആപ്പിൾ ഉപകരണങ്ങൾ വിൽക്കുന്നത് തടയാനും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും ആപ്പിൾ കമ്പനി നിയോഗിച്ച കമ്പനിയാണിത്.
ഗ്രാഫിൻ ഇന്റലിജറ്റൽ കമ്പനിയുടെ അന്വേഷണ ഓഫീസറാണ് ഫോർട്ട് പൊലീസിന് പരാതി നൽകിയത്. തകരപ്പറമ്പിലെ അപ്പോളോ ടയേർസിന് സമീപത്തെ മൊബൈൽ ഷോപ്പീ, ശ്രീ ഭാസ്കര കോംപ്ലക്സിലെ മൊബൈൽ സിറ്റി, നാലുമുക്കിലെ തിരുപ്പതി മൊബൈൽസ്, നാലുമുക്കിൽ തന്നെയുള്ള സെല്ലുലാർ വേൾഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്.
ഈ കടകളിൽ ആപ്പിൾ കമ്പനിയുടെ ഐ ഫോൺ അടക്കമുള്ള വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്നായിരുന്നു പരാതിയിൽ ആരോപിച്ചത്. ഡെപ്യൂട്ടി കമ്മീഷണർക്ക് കമ്പനി നൽകിയ പരാതി ഫോർട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 486ാം വകുപ്പും കോപ്പി റൈറ്റ് നിയമത്തിലെ 63 (A) വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫോർട്ട് എസ്ഐ ജി ഷിജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ.