
കൊച്ചി: അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വിദ്യാർഥിയെ സസ്‍പെൻഡ് ചെയ്തു. എറണാകുളം ലോ കോളജിലെ രണ്ടാംവർഷ എൽ.എൽ.ബി വിദ്യാർഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം ലോ കൗൺസിൽ സ്റ്റാഫ് കൗൺസിൽ ആണ് നടപടിയെടുത്തത്.
കോളജ് യൂനിയനുമായി ചേർന്ന് സിനിമ പ്രമോഷന്‍റെ ഭാഗമായി നടത്തിയ ചടങ്ങിലാണ് വിഷ്ണു അപർണയോട് മോശമായി പെരുമാറിയത്. പൂവ് നൽകാൻ വേദിയിലേക്ക് കയറിവന്ന വിദ്യാർഥി അപർണക്ക് ഹസ്തദാനം ചെയ്തശേഷം തോളിൽ കൈയിടാൻ ശ്രമിക്കുകയായിരുന്നു. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ലോ കോളജ് യൂനിയന്‍ നേതൃത്വം വിശദീകരിക്കുകയും ചെയ്തു. നടൻ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.
പിന്നീട് അപർണയോട് മാപ്പ് പറയാനായി വിഷ്ണു വീണ്ടും വേദിയിൽ എത്തി. എന്നാൽ അപർണയോട് കൈ നൽകാൻ ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്ന നടൻ വിനീത് ശ്രീനിവാസനു കൈ കൊടുക്കാനായി ശ്രമം. കൈ കൊടുക്കാതെ, കുഴപ്പമില്ല, പോകൂ എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം. അനുവാദമില്ലാതെ താരത്തെ സ്പർശിക്കാൻ ശ്രമിച്ച വിദ്യാർഥിക്കു നേരെ കടുത്ത വിമർശനമുയർന്നിരുന്നു. ലോ കോളജിൽ വെച്ച് ഇങ്ങനെ സംഭവിച്ചു എന്നതിൽ ഞെട്ടിപ്പോയെന്ന് പിന്നീട് അപർണ ബാലമുരളി പ്രതികരിച്ചിരുന്നു.