
കുന്നംകുളം: പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് അറിവായിട്ടില്ല.
പന്നിത്തടം സ്വദേശി ഹാരിസിന്റെ ഭാര്യ സെഫീന(28), മക്കളായ മൂന്നു വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമൻ എന്നിവരെയാണ് വീടിന്റെ മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ ഹാരിസിന്റെ ഉമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴികളും വിശദാംശങ്ങളും ശേഖരിക്കുകയാണ്. ഏട്ടാനുജന്മാർ കൂട്ട് കുടുംബമായി താമസിച്ചിരുന്ന വീട്ടിലാണ് സംഭവം നടന്നത്. സംഭവ സമയത്ത് ജ്യേഷ്ഠന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരുന്നു.