
കെ.ആർ. നാരായണൻ ഇസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു. തന്നോട് ആരും രാജി ആവശ്യപ്പെട്ടില്ലെന്നും കാലാവധി തീർന്നതിനാലാണ് രാജി വെക്കുന്നതെന്നും ശങ്കർ മോഹൻ പറഞ്ഞു. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ജാതി വിവേചനം, സംവരണ അട്ടിമറി തുടങ്ങി നിരവധി ആരോപണങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 48 ദിവസമായി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ശങ്കർ മോഹനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹന് പിന്തുണയുമായി എത്തിയത് വിവാദമായിരുന്നു.
ശങ്കർ മോഹന്റെ രാജി സന്തോഷമുണ്ടാക്കുന്നതാണെന്നും എന്നാൽ സംവരണ അട്ടിമറിയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇസ്റ്റിറ്റ്യൂട്ട് നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും സമരരംഗത്തുണ്ടായിരുന്ന വിദ്യാർഥികൾ പ്രതികരിച്ചു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.