
ന്യൂഡൽഹി: ‘നാരീശക്തി’ പ്രമേയമാക്കി റിപ്പബ്ലിക് ദിനത്തിൽ കേരളം അവതരിപ്പിച്ച ഫ്ലോട്ടിന് അഭിനന്ദനം. കളരിപ്പയറ്റ്, ഗോത്രനൃത്തം, ചെണ്ടമേളം അടക്കമുള്ള നാടൻ കലാരൂപങ്ങൾ ഉൾപ്പെടുന്നതായിരുന്നു സംസ്ഥാനത്തിന്റെ ഫ്ലോട്ട്. വിവിധ മേഖലയിലെ 24 സ്ത്രീകൾ അണിനിരന്ന ഫ്ലോട്ടിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ നാടൻപാട്ടും കേൾപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ള വിശിഷ്ട വ്യക്തികൾ ഫ്ലോട്ടിനെ കയ്യടിച്ച് അഭിനന്ദിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവേളയിൽ 2022ൽ നടന്ന റിപ്പബ്ലിക്ദിന പരേഡിൽ നിന്ന് ശ്രീനാരായണ ഗുരുവിന്റെ ശിൽപം ഉൾപ്പെട്ട കേരളത്തിന്റെ ഫ്ലോട്ട് കേന്ദ്രസർക്കാർ തള്ളിയത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ചടയമംഗലത്തെ ജടായുപ്പാറയുടെ ദൃശ്യമാതൃകക്കൊപ്പം കേരളം തയാറാക്കിയ നിശ്ചല ദൃശ്യത്തിൽ ശങ്കരാചാര്യരുടെ ശിൽപം ഉൾക്കൊള്ളിക്കണമെന്ന നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിരുന്നു.
മതേതര കേരളമെന്ന നിലയിൽ അതിനു തയാറാകാതെ ശ്രീനാരായണ ഗുരുവിന്റെ ശിൽപമാണ് കേരളം ഉൾപ്പെടുത്തിയത്. തൊട്ടുപിന്നാലെ കാരണമൊന്നും വിശദീകരിക്കാതെ കേരളത്തിന്റെ നിശ്ചല ദൃശ്യം കേന്ദ്രം വെട്ടി. ഇതിനെതിരെ ശിവഗിരി മഠം അടക്കം പരസ്യമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡിൽ നിശ്ചല ദൃശ്യം അവതരിപ്പിച്ച 11 സംസ്ഥാനങ്ങളിൽ എട്ടും ബി.ജെ.പി ഭരിക്കുന്നവയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരുന്ന യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾക്കും കഴിഞ്ഞ തവണത അനുമതി കിട്ടി. മഹാരാഷ്ട്രയുടേതും കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീരിന്റേതുമാണ് അനുമതി കിട്ടിയ മറ്റു രണ്ടു ഫ്ലോട്ടുകൾ.