
കൊച്ചി : സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ ശക്തമാക്കിയിട്ടും ഹോട്ടലുകളുടെ അനാസ്ഥകൾ തുടരുന്നു. എറണാകുളം പറവൂരിലെ ഹോട്ടലിൽ നിന്ന് മസാലദോശയിൽ തേരട്ടയെ കിട്ടിയെന്നാണ് പരാതി. പറവൂർ നഗരത്തിൽ പ്രവർത്തിക്കുന്ന വസന്ത വിഹാർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് തേരട്ടയെ കിട്ടിയത്. ഇതോടെ, മുനിസിപ്പൽ ആരോഗ്യവിഭാഗം ഇടപെട്ട് ഹോട്ടൽ പൂട്ടിച്ചു.
തേലത്തുരുത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ എത്തിയവർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മസാല ദോശ കഴിച്ചു കൊണ്ടിരിക്കെ മസാലയിലാണ് ചത്ത തേരട്ടയെ കണ്ടത്. ഈ സമയത്ത് ഹോട്ടലിൽ നല്ല തിരക്കായിരുന്നു. തുടർന്ന് പരാതി ഉയർന്നതോടെ നഗരസഭാ ആരോഗ്യവിഭാഗം വിഷയത്തിൽ ഇടപെടുകയായിരുന്നു.
അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതെന്നും പല തവണ നോട്ടിസ് നൽകിയിട്ടും ഹോട്ടൽ വൃത്തിഹീനമായി തുടരുന്നതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.