
അർജൻ്റീന ലോകകപ്പ് നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആകെ തകർന്നു എന്ന് ജീവിതപങ്കാളി ജോർജീന റോഡ്രിഗസ്. അർജൻ്റീന കപ്പുയർത്തിയ രാത്രി മുഴുവൻ ക്രിസ്റ്റ്യാനോ പ്ലേസ്റ്റേഷനിൽ പലതവണ അർജൻ്റീനയെ തോല്പിച്ചു എന്ന് നെറ്റ്ഫ്ലിക്സിൻ്റെ ‘ഐ ആം ജോർജീഞ്ഞ’ ഡോക്യുമെൻ്ററി പരമ്പരയുടെ ആദ്യ എപ്പിസോഡിൽ ജോർജീന പറഞ്ഞു. ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജൻ്റീന മറികടന്നത്. ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ ആവട്ടെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ തോറ്റുപുറത്തായി.
“ലോകകപ്പ് ഫൈനലിൻ്റെ രാത്രി ക്രിസ്റ്റ്യാനോ ഭ്രാന്ത് പിടിച്ചവനെപ്പോലെയായിരുന്നു. മകൻ്റെ പിഎസ്5ൽ അർജൻ്റീനയ്ക്കെതിരെ രാത്രി മുഴുവൻ ഗെയിം കളിച്ചു. എല്ലാ കളിയും വിജയിച്ചു എന്ന് മാത്രമല്ല, അഞ്ചിലധിക ഗോളുകളും നേടി.”ജോർജീന പറഞ്ഞു.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടിൽ മെസിയും 36ആം മിനിട്ടിൽ ഡി മരിയയും നേടിയ ഗോളിൽ അർജൻ്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാൻ അർജൻ്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളിൽ എംബാപ്പെ ഫ്രാൻസിനായി ഗോളുകൾ മടക്കിയതോടെ കളി അധികസമയത്ത്, 108ആം മിനിട്ടിൽ മെസിയിലൂടെ വീണ്ടും അർജൻ്റീന ലീഡെടുത്തു. എന്നാൽ, 118ആം മിനിട്ടിൽ എംബാപ്പെ തൻ്റെ ഹാട്രിക്ക് ഗോൾ നേടി ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ രണ്ടും മൂന്നും കിക്കുകൾ ഫ്രാൻസ് പാഴാക്കിയപ്പോൾ അർജൻ്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.