
ശബ്ദമലിനീകരണം ആരോപിച്ച് ഉത്തരാഖണ്ഡിലെ ഏഴ് മുസ്ലിം പള്ളികൾക്ക് പിഴയിട്ട് സർക്കാർ. ഹരിദ്വാർ ജില്ലാ ഭരണകൂടമാണ് പളളികൾക്ക് പിഴയിട്ടത്. 5000 രൂപയാണ് പിഴയായി ചുമത്തിയത്. പാത്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളികൾക്കാണ് പിഴശിക്ഷ.
നേരത്തെ പള്ളികളിൽ നിന്നുള്ള ശബ്ദം കുറക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ വീഴ്ച വരുത്തിയവർക്കാണ് പിഴ വിധിച്ചതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പുരൺ സിങ് റാണ പറഞ്ഞു. ഏഴ് പള്ളികൾക്കെതിരെയാണ് നിലവിൽ നടപടിയെടുത്തിരിക്കുന്നത്. രണ്ട് പള്ളികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം, നടപടിക്കെതിരെ മുസ്ലിം മതനേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ പള്ളികളിലും യോഗം വിളിച്ച് ശബ്ദം കുറക്കണമെന്ന് നിർദേശിച്ചിരുന്നുവെന്ന് ജമാഅത് ഉലമ പ്രസിഡന്റ് മൗലാന മുഹമ്മദ് ആരിഫ് പറഞ്ഞു. ഇക്കാര്യത്തിൽ പിഴ ചുമത്തിയത് ശരിയായില്ല. പിഴ ചുമത്താൻ മാത്രമുള്ള വലിയ കുറ്റകൃത്യമല്ലത്. ശബ്ദം കുറക്കണമെന്ന് ആവശ്യപ്പെടുകയാണ് അവർ ചെയ്യേണ്ടിയിരുന്നത്. നേരത്തെ കൻവാർ യാത്രക്ക് വലിയ രീതിയിൽ ശബ്ദം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പള്ളിയിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയാണ് വലിയ ശബ്ദത്തോടെ കൻവാർ യാത്ര നടന്നത്. പള്ളികളിലെ ശബ്ദമലിനീകരണത്തെ കുറിച്ച് മാത്രമേ അധികൃതർക്ക് ആശങ്കയുള്ളു. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കല്യാണങ്ങൾക്കുള്ള ഡി.ജെ പാർട്ടി നിയന്ത്രിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റ് പ്രതികരിച്ചു.