
കുന്നംകുളം : കുന്നംകുളം പന്നിത്തടത്ത് യുവതിയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മൂവരുടെയും മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങിയതെന്ന് സംശയിക്കുന്ന ഡയറിയും തീകൊളുത്താൻ ഇന്ധനം കൊണ്ടുവന്നതെന്ന് സംശയിക്കുന്ന കാനും കാർപോർച്ചിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവ വിവരം പുറത്ത് വന്നത്. കുന്നംകുളം പന്നിത്തടത്ത് ചിറമനയെങ്ങാട് റോഡിൽ മെഹ്ഫിൽ മൻസിലിൽ ഹാരിസിന്റെ ഭാര്യ ഷഫീന (28), മക്കളായ അജുവ (3), അമൻ (ഒന്നര വയസ്സ്) എന്നിവരുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീടിന്റെ ബാലകണിയിലാണ് മൂവരുടെയും മൃതദേഹം കിടന്നിരുന്നത്.
ഇന്നലെ രാത്രി ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതാണ് കുടുംബം. സംഭവ സമയത്ത് മൂവരെയും കൂടാതെ ഭർത്താവ് ഹാരിസിന്റെ മാതാവും വീട്ടിലുണ്ടായിരുന്നു. റാസൽ ഖൈമയിൽ ജോലി ചെയ്യുന്ന ഹാരിസ് 6 മാസങ്ങൾക്ക് മുൻപാണ് വിദേശത്തേക്ക് മടങ്ങിപ്പോയത്.
വിവരമറിഞ്ഞ് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.