
തൃശ്ശൂര്‍: തൃശ്ശൂരില്‍ വൻ മയക്കുമരുന്ന് വേട്ട. ഒന്നരക്കോടി വിപണി മൂല്യമുള്ള ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. ഹാഷിഷ് ഓയില്‍ മൊത്ത വിതരണക്കാരനായ കൂരിക്കുഴി സ്വദേശി ലസിത് റോഷൻ അറസ്റ്റില്‍. കൈപ്പമംഗലം കോപ്രക്കുളത്ത് നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.
അതേ സമയം സർക്കാർ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ രണ്ടാം ഘട്ടം സമാപനദിനമായ ജനുവരി 26 ന് എല്ലാ ജില്ലകളിലും ‘ ലഹരിയില്ലാ തെരുവ്’ സംഘടിപ്പിക്കും. ജില്ലയിലെ പ്രധാന വീഥിയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക.
ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരെ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാ-കായിക പരിപാടികൾ സംഘടിപ്പിക്കും. മയക്കുമരുന്ന് ലഹരിക്കെതിരെ സമൂഹത്തെയാകെ അണിനിരത്താൻ സർക്കാരിൻറെ വിവിധ പ്രചാരണ പരിപാടികളിലൂടെ കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. രണ്ടാം ഘട്ടം സമാപനവും മികവോടെ സംഘടിപ്പിക്കും. അണിചേരാൻ വിദ്യാർഥികളും യുവാക്കളും സ്ത്രീകളുമുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളോടും മന്ത്രി അഭ്യർഥിച്ചു.
2022 ഒക്ടോബർ ആറിനാണ് നോ ടു ഡ്രഗ്സ് എന്ന പേരിൽ സർക്കാർ വിപുലമായ പ്രചാരണം ആരംഭിച്ചത്. ആദ്യഘട്ട പ്രചാരണം നവംബർ ഒന്നിന് അവസാനിച്ചു. നവംബർ 14ന് രണ്ടാം ഘട്ടത്തിന് തുടക്കമായി. ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യവുമായി ഗോൾ ചലഞ്ച് സംസ്ഥാനമെങ്ങും നടന്നു. സ്കൂളുകൾ, കോളജുകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ് അസോസിയേഷനുകൾ, കുടുംബശ്രീ ഉൾപ്പെടെ കേന്ദ്രീകരിച്ചും വിവിധ പരിപാടികൾ രണ്ടാംഘട്ടത്തിൽ നടത്തിയിട്ടുണ്ട്. രണ്ടാം ഘട്ട ക്യാമ്പയിൻറെ സമാപനത്തിനാണ് ജില്ലകളിൽ ലഹരി വിരുദ്ധ തെരുവ് പരിപാടി സംഘടിപ്പിക്കുന്നത്