
മൂവാറ്റുപ്പുഴ: മൂവാറ്റുപ്പുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞുവീണു. 15 അടി താഴ്ചയിലേക്കാണ് നിറയെ വെള്ളമുള്ള കനാലിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു വീണത്.ഇന്നലെ വൈകിട്ടോടെ മൂവാറ്റുപ്പുഴ ഇറിഗേഷൻ വാലി പ്രോജക്ടിന്റെ ഭാഗമായുള്ള കനാലിന്റെ ഉപ കനാലാണ് തകർന്നത്. കനാലിന് സമീപത്തെ റോഡിലൂടെ ഒരു വാഹനം കടന്നു പോയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം.
വെള്ളം കുതിച്ചൊഴുകിയതിന് പിന്നാലെ മൂവാറ്റുപ്പുഴ -കൂത്താട്ടുകുളം ലിങ്ക് റോഡിൽ മണ്ണും കല്ലും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു. റോഡിന് എതിർവശത്തെ വീടിന്റെ മുറ്റത്തിലൂടെയാണ് ഒഴുകിയത്. അഗ്നിശമനസേനയും നാട്ടുകാരും നടത്തിയ പരിശ്രമത്തിന്റെ ഫലമായി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
മലങ്കര ഡാമിൽ നിന്ന് കൃഷിക്കായി ജലമെത്തിക്കുന്ന കനാലാണിത്. 15 വർഷം മുമ്പ് ഈ പ്രദേശത്ത് സമാനരീതിയിൽ കനാൽ ഇടിഞ്ഞുവീണിരുന്നു.