
ബംഗളൂരു: പത്തുവരിപ്പാതയാക്കിയ മൈസൂരു-ബംഗളൂരു അതിവേഗപാത (എൻ.എച്ച് 275)യുടെ മാണ്ഡ്യ ബൈപാസ് ഗതാഗതത്തിന് തുറന്നുകൊടുത്തതായി മൈസൂരു-കുടക് എം.പി. പ്രതാപസിംഹ അറിയിച്ചു.ബൈപാസ് തുറന്നതോടെ മൈസൂരു-ബംഗളൂരു പാതയിലെ യാത്രക്കാർക്ക് മാണ്ഡ്യ ടൗണിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ സഞ്ചരിക്കാനാകും.
118 കിലോമീറ്റർ ദൈർഘ്യമുള്ള മൈസൂരു-ബംഗളൂരു അതിവേഗ പാതയിലെ രാമനഗര, ചന്നപട്ടണ ബൈപാസുകൾ ഇതിനകം തുറന്നിരുന്നു.118 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. ചിക്കമഗളൂരു, കുടക്, മംഗളൂരു, കേരളത്തിന്‍റെ വിവിധ ഭാഗങ്ങൾ എന്നിവയുമായി മൈസൂരു, ബംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതകൂടിയാണ് ഇത്.
ചെറുതും വലുതുമായ 72 പാലങ്ങൾ, 41 വാഹനഅടിപ്പാതകൾ, കാൽനടക്കാർക്കുള്ള 13 അടിപ്പാതകൾ, നാലു റെയിൽ മേൽപാലങ്ങൾ എന്നിവയും അതിവേഗപാതയിലുണ്ട്. എക്സ്പ്രസ് വേ പൂർണതോതിലായാൽ മൈസൂരുവിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാസമയം മൂന്നു മണിക്കൂറിൽനിന്ന് 90 മിനിറ്റായി കുറയും.