
ബംഗളൂരു: മൈസൂരു ജില്ലയിലെ നർസിപുരിൽ മൂന്നുപേരെ കൊന്ന പുള്ളിപ്പുലിയെ പിടികൂടി. ഇന്നലെ രാത്രിയാണ് വനം വകുപ്പ് കെണിവെച്ച് പുലിയ പിടികൂടിയത്. അഞ്ച് വയസുള്ള പുലിയെ ബംഗളൂരുവിലെ ബന്നാർഘട്ട മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനം.
മൂന്നുപേരെ കൊന്ന പുള്ളിപ്പുലിയേയും കടുവയെയും വെടിവെക്കാൻ ഡെപ്യൂട്ടി കമീഷണർ കെ.വി. രാജേന്ദ്ര ജനുവരി 26ന് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങൾ ഇവയെ പിടികൂടാൻ തിരച്ചിൽ നടത്തിവരികയായിരുന്നു.
വിവിധ സംഘങ്ങളായി 120ലധികം വനപാലകരാണ് രണ്ടു താലൂക്കുകളിലുമായി തിരച്ചിൽ നടത്തിയത്. 20ഓളം സി.സി.ടി.വി കാമറകളും അഞ്ചിലധികം കെണികളും സ്ഥാപിച്ചു. വന്യജീവികളെ പിടികൂടുന്നതിൽ പരിശീലനം ലഭിച്ച ആനകളെയും ദൗത്യത്തിന് ഉപയോഗിച്ചു.വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററാണ് വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ഇറക്കേണ്ടതെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഡെപ്യൂട്ടി കമീഷണർ ഉത്തരവിട്ടത്.
2022 ഒക്ടോബർ 30 മുതൽ 2023 ജനുവരി 22 വരെയുള്ള മൂന്നു മാസത്തിനുള്ളിൽ മൈസൂരുവിലെ ടി. നർസിപുർ, എച്ച്.ഡി കോട്ട താലൂക്കുകളിലായി അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. കോളജ് വിദ്യാർഥികളായ മഞ്ജുനാഥ് (20), മേഘ്‌ന (22), സ്കൂൾ വിദ്യാർഥി ജയന്ത് (11), സിദ്ധമ്മ (60), ആദിവാസി യുവാവ് മഞ്ജു (18) എന്നിവരാണ് മരിച്ചത്.
ഇവരിൽ മഞ്ജുനാഥിനെയും മേഘ്നയെയും കൊന്ന പുലിയെ ഒരു മാസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടി ബംഗളൂരുവിലെ ബന്നാർഘട്ട മൃഗശാലയിലേക്ക് മാറ്റിയിരുന്നു. മറ്റുള്ളവരെ കൊന്ന പുലിക്കും കടുവക്കുമായാണ് തിരച്ചിൽ തുടർന്നത്. മൂന്നു ദിവസത്തിനിടെ മൂന്നു പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.