
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം. പൊലീസ് സ്റ്റേഷൻ വളഞ്ഞ പ്രതിഷേധക്കാർ പൊലീസ് ബസിനു കല്ലെറിഞ്ഞു. അഞ്ച് പൊലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. വാഹനത്തിലെ വയർലെസ് സെറ്റുകൾ തകർത്തു. പ്രതിഷേധക്കാർ ആംബുലൻസ് തടഞ്ഞതോടെ പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വന്നു. ഫ്ലക്സ് ബോർഡിലെ പട്ടിക വലിച്ചൂരി പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകനും പരുക്കേറ്റു.
വിഴിഞ്ഞം, കരമന സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകളാണ് പ്രതിഷേധക്കാർ തകർത്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തിയിരിക്കുകയാണ്. നിലവിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അനുനയ ചർച്ച നടത്തുകയാണ്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ഇന്നലെ നടന്ന സംഘർഷത്തിൽ പങ്കാളിയായ സെൽട്ടൻ എന്ന വിഴിഞ്ഞം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ അഞ്ച് പേരോടും പൊലീസ് കേസുണ്ടെന്ന് അറിയിച്ചു. ഇതേ തുടർന്ന് കൂടുതൽ പേരെത്തി അക്രമ സംഭവങ്ങളിലേക്ക് കടക്കുകയായിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മുഖത്ത് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാറ്റി.