
മലപ്പുറം: ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ തോണി മറിഞ്ഞ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരണപ്പെട്ടു. പ്രദേശവാസികളായ ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്.
പുറത്തൂർ കുഞ്ചിക്കടവിലാണ് ദുരന്തം. രണ്ട് പേരെ കാണാതായി. നാട്ടുകാർ രക്ഷപ്പെടുത്തിയ രണ്ട് പേർ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് വൈകീട്ട് ആറരയോടെയാണ് അപകടം. നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് തിരച്ചിൽ തുടരുന്നു.
ഇന്ന് വൈകിട്ടോടെയാണ് ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മൂന്ന് കിലോമീറ്റര്‍ അകലെ അപകടമുണ്ടായത്. കക്ക വാരി മടങ്ങുകയായിരുന്ന സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അപകടത്തിൽ മരിച്ച റുഖിയ, സൈന എന്നിവരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടത്തും.