
മലപ്പുറം: മലപ്പുറം ജില്ലയിൽ അഞ്ചാംപനി പടരുന്ന സാഹചര്യത്തിൽ സ്കൂളുകളിലും അങ്കണവാടികളിലും മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയിൽ ഇതുവരെ 140 പേർക്കു അഞ്ചാംപനി സ്ഥിരീകരിച്ചതായി ഡിഎംഒ ഡോ. ആർ.രേണുക യോഗത്തിൽ അറിയിച്ചു. ഇതിൽ 6 പേർ മാത്രമാണു വാക്സീനെടുത്തത്. കൽപകഞ്ചേരി (54), മലപ്പുറം (14), പൂക്കോട്ടൂർ (14) എന്നിവിടങ്ങളിലാണു കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ വാക്സീനെടുക്കാത്ത എല്ലാ കുട്ടികൾക്കും അടുത്ത മാസം 5ന് അകം അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ് നടത്തുമെന്നു കലക്ടർ. അഞ്ചാം പനി വ്യാപനം തടയാനുള്ള ഏകമാർഗം കൂടുതൽ പേർ കുത്തിവയ്പ്പെടുക്കുകയാണ്. ജില്ലാ വികസന സമിതി യോഗത്തിലാണു കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. വാക്സീനെതിരെ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ജില്ലയിൽ 97,356 കുട്ടികൾ എംആർ വാക്സീൻ ഒന്നാം ഡോസ് എടുക്കാനുണ്ട്. ഒന്നാം ഡോസെടുത്ത് രണ്ടാം ഡോസെടുക്കാത്ത കുട്ടികളുടെ എണ്ണം 1,16,994 ആണ്. രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്ത കൽപകഞ്ചേരിയിൽ മാത്രം 776 പേർ വാക്സിനെടുക്കാനുണ്ട്.