
തേനീച്ച, കടന്നൽ എന്നിവയുടെ കുത്തേറ്റ് മരിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി.
10 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുക. തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരണപ്പെടുന്നവർക്ക് വന്യജീവി ആക്രമണത്തിലേതിന് സമാനമായ നഷ്ടപരിഹാരം നൽകാൻ മുന്നേ മന്ത്രിസഭാ യോഗം അനുമാനത്തിലെത്തിയിരുന്നു.
വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ 10 ലക്ഷം രൂപയാണ് നൽകി വരുന്നത്. തേനീച്ച/ കടന്നൽ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതർക്കും ഇതേ തുകയാണ് നഷ്ടപരിഹാരം ലഭിക്കുക. വനത്തിന് പുറത്ത് വെച്ച് പാമ്പ് കടിയേറ്റ് ജീവഹാനി സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
വന്യജീവി ആക്രമണം മൂലം സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപവരെ നൽകും.
വന്യജീവി ആക്രമണം മൂലം പരിക്കേൽക്കുന്ന വ്യക്തികൾക്ക് ചികിത്സയ്ക്ക് ചെലവാകുന്ന യഥാർത്ഥ തുക, പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് ചിട്ടപ്പെടുത്തിയത്. പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ചികിൽസാർത്ഥം ചെലവാകുന്ന മുഴുവൻ തുകയും അനുവദിച്ചേക്കും.
വർഷങ്ങളായി ജനങ്ങൾ ആഗ്രഹിച്ചിരുന്ന ഒരു ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. തേനീച്ച, കടന്നൽ ആക്രമണങ്ങളും മരണങ്ങളും സ്ഥിരമായ നമ്മുടെ നാടിന്റെ സാഹചര്യത്തിൽ ഇത് ഏറെ ഉപയോഗപ്രദമായ ഉത്തരവ് തന്നെയാണ്.