
തിരുവനന്തപുരം : നെടുമങ്ങാട് ആനാട് സുനിത കൊലക്കേസിലെ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നു. സെപ്റ്റിക് ടാങ്കിൽ കണ്ട മൃതദേഹം സുനിതയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. സുനിതയുടെ ശരീര അവശിഷ്ടങ്ങളും മക്കളുടെ രക്ത സാമ്പിളുമാണ് പരിശോധിച്ചത്. പൊലീസ് വീഴ്ചയെ തുടർന്നാണ് ഒമ്പത് വർഷത്തിന് ശേഷം മരിച്ചത് സുനിത തന്നെയെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണ്ടി വന്നത്. പരിശോധനാ ഫലം കോടതിയിൽ ഹാജരാക്കി.
2013 ഓഗസ്റ്റ് മൂന്നിനാണ് സുനിതയെ ഭർത്താവ് ജോയി കൊന്ന് പല കഷണങ്ങളാക്കി സെപ്റ്റി ടാങ്കിലിട്ടത്. പ്രതി ജോയ് ആണെന്ന് തെളിഞ്ഞു. എന്നാൽ സുനിതയുടേതാണ് ശരീര ഭാഗങ്ങളെന്ന് തെളിയിക്കാനുളള ഡിഎൻഎ പരിശോധനാ റിപ്പോർട്ട് പൊലീസ് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരുന്നില്ല. കേസ് കോടതിയിലെത്തിയപ്പോൾ അത് തിരിച്ചടിയായി. അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിക്കാൻ പ്രോസിക്യൂട്ടർ എം. സലാഹുദീനാണ് കോടതിയോട് ഡിഎൻഎ പരിശോധന ചോദിച്ചത്. ഇതേ തുടർന്നാണ് മക്കളുടെ രക്തം ശേഖരിച്ച് പരിശോധന ആരംഭിച്ചത്.