
പത്തനംതിട്ട: ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം പൂർണ്ണമായി. അപകടത്തിൽ പരുക്കേറ്റ 8 വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവഗുരുതമാണ്.
ഡ്രൈവർ 3 ദിവസമായി ഉറങ്ങിയിരുന്നില്ല എന്ന് മന്ത്രി മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അടിയന്തര ഇടപെടലിന്റെ ഭാഗമായി കളക്ടറടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഭക്തർക്ക് വേണ്ട എല്ലാ സേവനങ്ങളും ദേവസ്വം മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
രാവിലെ 8.40നാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായ ഉടൻതന്നെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്ന് തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു. ആകെ 44 തീർത്ഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥടക്കം സ്ഥലത്തെത്തിയാണ് തീർത്ഥാടകരെ ബസിൽ നിന്ന് പുറത്തെടുത്തത്.