
മലപ്പുറം: തിരൂർ കന്മനം ചീനക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയെ ഉപേക്ഷിച്ച നിലയിലാണ് നാട്ടുകാർക്ക് കണ്ടുകിട്ടിയത്.
ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പോലീസിനെ അറിയിച്ചു. കല്പകഞ്ചേരി പോലീസ് അന്വേഷണ നടപടികൾ ആരംഭിച്ചു. കുട്ടിയുടെ മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. മൃതദേഹം അല്പം ദ്രവിച്ച അവസ്ഥയിലായിരുന്നു.
ആളുകൾ നിരന്തരം പെരുമാറുന്ന പറമ്പാണിത്. എന്നിരുന്നാലും കുട്ടിയുടെ ശരീരം ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല.
വിഷയത്തെ ഗൗരവമായി സമീപിക്കാനാണ് പോലീസിന്റെ തീരുമാനം. സമീപപ്രദേശത്ത് ഏതെങ്കിലും യുവതി അടുത്ത ദിവസങ്ങളിൽ പ്രസവിച്ചിട്ടുണ്ടോ എന്നും ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ കാണാതായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കും. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. കേസ് കൂടുതൽ തലകളിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.