
ഫുട്ബോൾ ഉത്സവത്തിന്റെ ആരവങ്ങളുയരുകയാണ്. ലോകത്തിന്റെ വിവിധയിടങ്ങില്‍ പലതരത്തിലുമുള്ള ആഘോഷങ്ങളാണ് ഈ ദിനങ്ങളില്‍ ഒരുങ്ങുന്നത്.
ഫാന്‍ ഫൈറ്റിനും തകര്‍പ്പന്‍ ആഘോഷങ്ങള്‍ക്കുമിടയില്‍ കാല്പന്ത് പ്രേമത്തിന് മറ്റൊന്നും തങ്ങള്‍ക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് കൊച്ചിയില്‍ നിന്നുള്ള ഒരു കൂട്ടം ഫുട്ബോള്‍ ആരാധകര്‍. ഖത്തറിന്റെ മണ്ണില്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ആരംഭിക്കുന്ന മാജിക് കാണാന്‍ ലക്ഷങ്ങള്‍ മുടക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍. എല്ലാവർക്കും ഒരിടത്തിരുന്നു ഒരുമിച്ചു കളി കാണണം. അതിനായി മൂന്ന് സെന്റ് സ്ഥലവും ഒരു വീടും വാങ്ങിയിരിക്കുകയാണ് കൊച്ചി കങ്ങരപ്പടിയിലെ ഫുട്ബോള്‍ ആരാധകര്‍.
17 പേര് ചേര്‍ന്നാണ് വീടും സ്ഥലവും 23 ലക്ഷം രൂപ മുടക്കി ഇവർ വാങ്ങിച്ചത്.
വേള്‍ഡ് കപ്പ് കാലം കഴിഞ്ഞാലും വീട് തകർന്നു പോയാലും കായിക സ്മരണക്കായി ഇതിനെ നിലനിര്‍ത്താനാണ് ഈ കൂട്ടരുടെ തീരുമാനം.
ലോകകപ്പ് കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സ്ഥിരമായി ഒരിടമില്ലായിരുന്നു കങ്ങരപ്പടിയിലെ ഈ ചെറുപ്പക്കാര്‍ക്ക്. പലപ്പോഴും പൊതുസ്ഥലത്ത് ഷെഡും മറ്റും കെട്ടി, അയല്പക്കത്ത് നിന്ന് വൈദ്യുതിയും വാങ്ങിയായിരുന്നു കളി കണ്ടിരുന്നത്.
അങ്ങനെയാണ് 17 പേര് കൂടി തുല്യമായി ഷെയര്‍ എടുത്ത് വീടും സ്ഥലവും ഈ വരുന്ന ലോക കപ്പിനായി സ്വന്തമാക്കിയത്. 17 പേരുടെയും പേരിലാണ് രജിസ്ട്രേഷന് നടന്നത്. ഈ ചെറിയ പുരയിടത്തിൽ ഒരു ഖത്തറിനെ തന്നെ തീർക്കാനുള്ള ആവേശത്തിലാണ് ഇക്കൂട്ടർ.