
തൃശ്ശൂര്‍: വിശാഖപ്പട്ടണത്ത് നിന്ന് ചെന്നൈ – തിരുവനന്തപുരം മെയിലിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 10.250 കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടി. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളായ മൂന്നുപേരെയാണ് പോലീസ് പിടികൂടിയത്.
നെയ്യാറ്റിൻകര വെള്ളറട നാടർകോണ൦ സ്വദേശികളായ ബിജോയ് (25), ലിവി൯സ്റ്റൺ (21), മഹേഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്ന് ആലുവയിലേക്കുള്ള യാത്രയിലായിരുന്നു മൂവരും.
പിടികൂടിയ കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം 5 ലക്ഷത്തോളം രൂപ വില വരു൦. അറസ്റ്റിലായ പ്രതികൾക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെയാണ് സംഘത്തെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും തൃശ്ശൂർ ആർപിഎഫു൦ തൃശ്ശൂർ എക്സൈസ് എ൯ഫോഴ്സ്മെന്റ് ആന്റ് ആന്റിനാ൪കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ട്രെയി൯ മാ൪ഗ്ഗമുള്ള മയക്കുമരുന്ന് കടത്തിനെതിരെ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.