
ദോഹ :കിരീട പ്രതീക്ഷകളുമായെത്തിയ അർജന്റീനയെ ഞെട്ടിച്ച് ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയുടെ വമ്പൻ തിരിച്ചടി. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീനയെ ഞെട്ടിച്ചത്.
സാല അൽ ഷെഹ്റി (48), സാലെം അൽ ഡവ്സാരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ 10–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നാണ് അർജന്റീനയുടെ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ തന്ത്രപരമായ നീക്കങ്ങളിലൂടെ അർജന്റീനയുടെ മൂന്നു ഗോളുകൾ ഓഫ്സൈഡ് കെണിയിൽ കുരുക്കിയ സൗദി, രണ്ടാം പകുതിയുടെ തുടക്കം മുതൽ കനത്ത ആക്രമണം അഴിച്ചുവിട്ടാണ് അപ്രതീക്ഷിത ലീഡ് സ്വന്തമാക്കിയത്.
നേരത്തെ, സൂപ്പർതാരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടിയ ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. മൂന്നു ഗോളുകൾ ഉൾപ്പെടെ ആദ്യ പകുതിയിൽ മാത്രം അർജന്റീനയ്ക്ക് ഏഴു തവണയാണ് സൗദി പ്രതിരോധം ഓഫ്സൈഡ് പൂട്ടിട്ടത്.