
തൃശൂർ ഒളരിയിൽ രോഗിയുമായി വന്നിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവറുടെ നില ഗുരുതരമാണ്.
ഇന്ന് രാത്രി എട്ടോടെയാണ് അപകടം ഉണ്ടായത്. തളിക്കുളത്ത് നിന്നും കളിക്കുന്നതിനിടെ പരിക്കേറ്റ കുട്ടിയുമായി തൃശൂരിലെ ആശുപത്രിയിലേക്ക് വന്നിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ഒളരി ഉദയനഗർ ട്രാൻസ്ഫോർമറിന് സമീപം ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്ന സ്കൂട്ടർ യാത്രികനെ ഇടിച്ചാണ് ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഏറെ ദൂരം നീങ്ങിയ ആംബുലൻസ് വൈദ്യുതി തൂണിലിടിച്ച് നിൽക്കുകയായിരുന്നു. ആംബുലൻസിൽ പരിക്കേറ്റ കുട്ടിയെ കൂടാതെ മറ്റൊരു കുട്ടിയും കുട്ടിയുടെ അമ്മയും സഹോദരിയും ആംബുലൻസ് ഡ്രൈവറും സഹായിയുമാണ് ഉണ്ടായിരുന്നത്. ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.