
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തമാണ്. മീനച്ചില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.
മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ ജാഗ്രത പുലര്‍ത്താന്‍ വിവിധ വകുപ്പുകള്‍ക്ക് കോട്ടയം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക മേഖലകളില്‍ അടിയന്തര സാഹചര്യങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതാണ്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനും , ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തി. രാവിലെ 7 വരെ കര്‍ശന ഗതാഗത നിയന്ത്രണമുണ്ടാകും.വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്.വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം തന്നെ താല്‍ക്കാലികമായി അടച്ചു.
അടുത്ത 5 ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം.
അപകടാവസ്ഥയിലുള്ള മരങ്ങള്‍, പോസ്റ്റുകള്‍, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ ശക്തമായ കാറ്റ് വീശുന്നത് മൂലമുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ മുന്‍കൂട്ടി കാണണം.യാതൊരു കാരണവശാലും മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല.അണക്കെട്ടുകളില്‍ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്ട്രോള് റൂമുകള്‍ തുറന്നു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍-0481 2565400, 2566300, 9446562236, 9188610017.
താലൂക്ക് കണ്ട്രോള് റൂമുകള്‍
മീനച്ചില്‍-04822 212325,
ചങ്ങനാശേരി-0481 2420037,
കോട്ടയം-0481 2568007, 2565007,
കാഞ്ഞിരപ്പള്ളി-04828 202331,
വൈക്കം-04829 231331.