
തൃശൂർ : നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.
ഇരു പ്രതികളും കോഴിക്കോട് നിന്നും വിമാനമാർഗ്ഗം ഡൽഹിയിൽ എത്തി ഒരു നൈജീരിയൻ സ്വദേശിയിൽ നിന്നും മയക്കുമരുന്ന് വാങ്ങി അവിടെ നിന്നും വിമാന മാർഗ്ഗം ബാഗ്ലൂരിലും അവിടെ നിന്ന് സേലത്തും, സേലത്തു നിന്നും കോയമ്പത്തൂരിലും അവിടെ നിന്ന് തൃശ്ശൂരിലും എത്തി മയക്ക് മരുന്ന് കൈമാറ്റം ചെയ്യാൻ കാത്തു നിൽക്കുന്നതിനിടെയാണ് തൃശ്ശൂർ KSRTC സ്റ്റാന്റിൽ നിന്നും പ്രതികൾ പിടിയിലാകുന്നത്.
ഇവരെ ചോദ്യംചെയ്തതിൽ നിരവധി തവണ ഇത്തരത്തിൽ മയക്ക് മരുന്ന് ഇടപാടുകൾ നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. നിരവധി തവണ കൊറിയർ മാർഗ്ഗവും മയക്ക് മരുന്ന് കടത്തിയാതായും മനസ്സിലായിട്ടുണ്ട്. ഇതേക്കുറിച്ചും പ്രതികളുടെ സാമ്പത്തിക സ്രോതസ്സിനെകുറിച്ചും അന്വേഷണം നടത്തുന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
ഈസ്റ്റ് SHO പി.ലാൽകുമാർ, സബ്ബ് ഇൻസ്പെക്ടർമാരായ ജോർജ്ജ്മാത്യു.എ, ജയചന്ദ്രൻ.ഇ.എ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മാരായ ഗോപിനാഥൻ.സി.എൻ, സുനിൽകുമാർ.എം. സിവൽ പോലീസ് ഓഫീസർമാരായ അലൻ ആന്റണി.പി.ജെ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.