
മലപ്പുറം: 52 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിലായി. കൊണ്ടോട്ടി മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി വിൽപന സംഘത്തിലെ ദമ്പതികൾ ഉൾപ്പടെ മൂന്നു പേരാണ് പിടിയിലായത്. ഇവരിൽനിന്ന് എംഡിഎംഎയ്ക്ക് പുറമെ 75 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. മൊറയൂർ സ്വദേശികളായ മുക്കണ്ണൻ കീരങ്ങാട്ടുതൊടി ഉബൈദുള്ള(26) ബന്ധുവായ കീരങ്ങോട്ടുപുറായ് അബ്ദുറഹ്മാൻ(56), ഭാര്യ സീനത്ത്(48) എന്നിവരാണ് പിടിയിലായത്.
മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ്ഇവരെ എക്സൈസ് സംഘം പിടികൂടിയത്.ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിച്ചാണ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിൽനിന്നും ലഹരിവസ്തുക്കൾ എത്തിച്ച് വിൽപനക്കാർക്ക് നൽകുകയാണ് സംഘം ചെയ്തതെന്ന് എക്സൈസ് പറഞ്ഞു. വടക്കൻ മേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ്, മലപ്പുറം എക്സൈസ് ഇന്‍റലിജൻസ്, എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ റെയ്ഡിലായിരുന്നു മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ഉബൈദുള്ളയുടെ ബൈക്കിൽനിന്നും അബ്ദുറഹ്മാന്‍റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ഇവരുമായി ബന്ധമുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.