
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെ 6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നലെ വൈകിട്ട് തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.
എറണാകുളത്തും തൃശൂരും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. എംജി സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി, പുതുക്കിയ തീയതി പിന്നീട്. എറണാകുളം ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് ഇന്ന് രാവിലെ 8.30ഓടെയാണ്. അവധി പ്രഖ്യാപനത്തിന് മുൻപ് തന്നെ വിവിധയിടങ്ങളിൽ സ്കൂളുകളിലേക്ക് വിദ്യാർഥികൾ എത്തിയിരുന്നു. ഇതേ തുടർന്ന് അവധി പ്രഖ്യാപനം വൈകിയെന്ന ആരോപണവുമായി രക്ഷിതാക്കൾ രംഗത്തെത്തി. ഇന്നലെ മുതൽ അതിശകതമായ മഴ തുടർന്നിട്ടും വളരെ വൈകി ഇന്ന് രാവിലെയോടെ മാത്രം അവധി പ്രഖ്യാപിച്ചതിൽ ഇവർ വിമർശനം ഉന്നയിക്കുന്നു.