
കണ്ണൂരിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്ന കേസില്‍ വൻ വഴിത്തിരിവ്. പെൺകുട്ടി ഈ ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയായിരുന്നു ചെയ്തത്. ഇങ്ങനെ ചെയ്യാൻ പെണ്‍കുട്ടിയെ പ്രേരിപ്പിച്ച കുട്ടിയുടെ പിതാവ് പോക്സോ കേസിലെ പ്രതിയാണ്. തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഇയാളുടെ തന്നെ ഭാര്യ നൽകിയ പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍ പോലീസ് രണ്ടുവര്‍ഷം മുന്‍പ് പോക്സോ കേസ് എടുത്തിരുന്നു.
മാത്രമല്ല, മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പോലീസിനോട് പറയാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറല്ല. താൻ കൂടാതെ 11 പെണ്‍കുട്ടികളെക്കൂടി സഹപാഠി മയക്കുമരുന്ന് നല്കി പീഡിപ്പിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അത് വിശ്വസനീയമല്ലെന്നാണ് പോലീസിന്റെ പറയുന്നത്. സ്കൂള്‍ അധികൃതരും ഈ മൊഴികള്‍ വ്യാജമാണെന്ന് പറയുന്നുണ്ട്. ഇത് വരെ വേറൊരു കുട്ടിയും പരാതിയുമായി വന്നിട്ടില്ല.
കഞ്ചാവ് വലിക്കാറുണ്ടെന്ന് ആണ്‍കുട്ടി അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. കഞ്ചാവ് തരുന്ന ആളുകളുടെ പേര് അറിയില്ലെന്നും അവരെ കണ്ടാല്‍ തിരിച്ചറിയാമെന്നുമാണ് പറയുന്നത്. അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാൽ പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം മയക്കുമരുന്ന് തന്നതെന്നാണ് ആണ്‍കുട്ടി പോലീസിന് നല്കിയ മൊഴിയിൽ ഉള്ളത്. പെണ്‍കുട്ടി കഞ്ചാവും ഹുക്കയും വലിക്കുന്ന ചിത്രം സ്വയം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
സ്ഥലത്തില്ലാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ ബുധനാഴ്ച കണ്ണൂരിലെത്തി. ദൃശ്യമാധ്യമങ്ങളെ വിളിച്ചുവരുത്തി അവരുടെ മുന്നില്‍ മകളെക്കൊണ്ട് മൊഴി നല്‍കിച്ചത് കുട്ടിയുടെ പിതാവാണ്. അത് നിയമ വിരുദ്ധമാണ്. കേസിൻ്റെ ദുരൂഹതകള്‍ വർധിക്കുമ്പോൾ അതിൻ്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.