
പാലക്കാട്: സിപിഐഎം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് എഫ്ഐആർ.
ബിജെപി അനുഭാവികളായ എട്ട് പേരാണ് പ്രതികളെന്നും എഫ്ഐആറിൽ പറയുന്നു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിൽ നേരത്തെ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരുമുണ്ടെന്നും പൊലീസ് പറഞ്ഞു.
കൊലയാളികൾ എത്തിയ ഒരു സ്കൂട്ടർ പൊലീസ് കണ്ടെടുത്തു. 2008 ലാണ് കുന്നക്കാട് ആർഎസ്എസ് പ്രവർത്തകനായ ആറുച്ചാമിയെ സിപിഐഎം പ്രവർത്തകർ കൊലപ്പെടുത്തുന്നത്. ഇതിൽ ഷാജഹാൻ പ്രതിയായിരുന്നു.
ഞായറാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം. ആക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. കുന്നംങ്കാട് സെന്ററിൽ നിന്ന് ഷാജഹാനെ ബെെക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സിപിഐഎം നേതാക്കൾ പറഞ്ഞു. ആക്രമണത്തിൽ തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഷാജഹാന്റെ വീടിന്റെ പരിസരത്ത് ഫ്ലക്സ് വെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
അതിനിടെ ആക്രമി സംഘത്തിൽപ്പെട്ടവരെ കണ്ടാൽ തിരച്ചറിയുമെന്ന് ഷാജഹാനൊപ്പം സംഭവ സമയത്തുണ്ടായിരുന്നുവെന്ന് സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നൽകിയിരുന്നു.
കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഷാജഹാന്റെ കൊലയെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. ആക്രമണത്തിൽ മുൻവിധിയോടെ ആരോപണം ഉന്നയിക്കുന്നില്ല. കൊലയാളികൾ ആരെന്ന് പൊലീസ് പറയട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.
അതേസമയം, കൊലപാതകത്തിൽ സിപിഐഎം പ്രവർത്തകരാണെന്ന ആരോപണം ജില്ലാ നേതൃത്വം നിഷേധിച്ചു. പ്രദേശത്തെ സമാധാന നില തകർക്കാൻ ബോധപൂർവ്വം ആർഎസ്എസ് നടത്തിയ ശ്രമമാണിതെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.