
ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ മാതാപിതാക്കളുടെ അനുമതി വേണ്ടെന്ന് ഡൽഹി ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമമനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നാണ് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച ഒരു കേസ് പരിഗണിക്കവെ വ്യക്തമാക്കിയത്. പെൺകുട്ടിക്ക് 18 വയസ്സിൽ താഴെയാണെങ്കിലും ഭർത്താവിനൊപ്പം ജീവിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.
ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ) ബാധകമാകുമെന്ന വാദങ്ങൾ നിരസിച്ച കോടതി, കുട്ടികൾ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. “ഇത് സാധാരണ നിയമമല്ല, എന്നാൽ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം,” കോടതി പറഞ്ഞു.
നിലവിലെ കേസിൽ ഹർജിക്കാർ പ്രണയത്തിലാണെന്നും മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹിതരാകുകയും തുടർന്ന് ശാരീരികബന്ധം സ്ഥാപിക്കുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.