
തിരൂരങ്ങാടി : ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിനെ തെണ്ടികളുടെ ചോറെന്ന് വിളിച്ച് തിരൂരങ്ങാടി സിഐ അധിക്ഷേപിച്ചതായി പരാതി. തിരൂരങ്ങാടി സിഐ സന്ദീപിനെതിരെയാണ് പരാതിയുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്.
പൊതിച്ചോർ വിതരണം തടഞ്ഞ സിഐ ഭക്ഷണം കൊണ്ടുവന്ന വാഹനം പിടിച്ചെടുക്കാൻ ശ്രമിച്ചെന്നും, ഇദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സംഭവത്തിൽ ഡിവൈഎഫ്ഐക്ക് പിന്തുണയർപ്പിച്ച് യൂത്ത് ലീഗും രംഗത്തെത്തി.
ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി അബ്ദുൽ വാഹിദിന്റെ വാക്കുകൾ..
കഴിഞ്ഞ ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നെടുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണത്തിനെത്തിച്ച സമയത്ത് തിരൂരങ്ങാടി സി.ഐ സന്ദീപ് ആശുപത്രിക്ക് സമീപമുള്ള തന്റെ ക്വാർട്ടർസിലേക്ക് വിശ്രമത്തിനായി വരികയും, ആ സമയത്ത് അദ്ദേഹത്തിന്റെ ക്വാർട്ടഴ്സിന് സമീപത്തായി തടസ്സം സൃഷ്ടിക്കാത്ത രീതിയിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ കണ്ട് പ്രകോപിതനാകുകയുമായിരുന്നു.
പ്രകോപിതനായ അദ്ദേഹം ബൈക്കിനെ അടിക്കുകയും പൊതിച്ചോർ വിതരണം നടത്തുന്ന തെണ്ടികൾ കാരണം റോഡ് ബ്ലോക്ക് ആകുന്നുവെന്ന് പറഞ്ഞ് ആക്രോശിക്കുകയും പൊതിച്ചോർ കൊണ്ടുവന്ന വാഹനം കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, ആശുപത്രിയിലേക്ക് വന്ന രോഗികളും, കൂട്ടിരിപ്പുകാരും നാട്ടുകാരും ഇടപെട്ടതോടെ വാഹനം കസ്റ്റഡിയിൽ എടുക്കാതെ അദ്ദേഹം ക്ഷുഭിതനായി നടന്ന് പോകുകയായിരുന്നുവെന്നും അബ്ദുൽ വാഹിദ് പറഞ്ഞു.
കഴിഞ്ഞ 270 ദിവസത്തോളമായി ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഡിവൈഎഫ്ഐ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പൊതിച്ചോർ വിതരണം നടത്തുന്നുണ്ട്. എന്നിട്ടും സിഐയുടെ ഇത്തരത്തിലുള്ള സമീപനത്തിനെതിരെ മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐക്ക് പിന്തുണയുമായി തിരൂരങ്ങാടി യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. സിഐയുടെ നടപടി പ്രതിഷേധാർഹമാണെന്നും, പാവപ്പെട്ടവന് ആര് ഭക്ഷണം നൽകിയാലും അത് നന്മയായാണ് കാണാൻ കഴിയുക എന്നും യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി യുഎ റസാക്ക് ഫേസ്ബുക്കിൽ കുറിച്ചു.