
മലപ്പുറം: 18 വയസ്സുള്ള പെൺകുട്ടിയുടെ ചികിത്സയ്ക്കായി ധനശേഖരാണർത്ഥം പണം സ്വരൂപിക്കുന്ന ആലുക്കൽ ജുമാ മസ്ജിദിന് പിന്തുണയുമായി മലപ്പുറം ജില്ലയിലെ കോട്ടക്കലിലെ രണ്ട് ക്ഷേത്രങ്ങൾ.
അർബുദത്തോട് പോരാടുന്ന ഹന്നയെ സഹായിക്കാനും മതസൗഹാർദ്ദം വളർത്താനും ലക്ഷ്യമിട്ടാണ് ക്ഷേത്ര കമ്മിറ്റികൾ ഫണ്ട് നൽകിയത്. കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി 50,000 രൂപയിലധികം നൽകിയപ്പോൾ, നരസിംഹമൂർത്തി ക്ഷേത്ര കമ്മിറ്റി 27,000 രൂപയാണ് ജുമാ മസ്ജിദിലേക്ക് നൽകിയത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോട്ടക്കൽ സ്വദേശിനിക്ക് വേണ്ടി ഒന്നരക്കോടിയിലേറെ രൂപയാണ് മസ്ജിദ് കമ്മിറ്റി ഇതുവരെ സമാഹരിച്ചത്. ‘അർബുദത്തെ അതിജീവിക്കാൻ ഒരു പെൺകുട്ടിയെ സഹായിക്കാൻ തയ്യാറായ മസ്ജിദ് കമ്മിറ്റിക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇരു സമുദായത്തിൽപ്പെട്ടവരും ഒരുമിച്ച് നിൽക്കുന്നത് മതസൗഹാർദ്ദം വളർത്താൻ സഹായിക്കും. ക്ഷേത്ര കമ്മിറ്റി ഇത്തരമൊരു പിന്തുണ നൽകുന്നത് ഇത് ആദ്യമല്ല’ കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അജിത് കുമാർ പറഞ്ഞു.
ക്ഷേത്രം പുതുക്കിപ്പണിയുമ്പോഴും വാർഷിക ഉത്സവ സമയത്തും പള്ളിയിലെ അംഗങ്ങൾ എല്ലാ പിന്തുണയും നൽകാറുണ്ടെന്നും മനുഷ്യരെ മതത്തിന്റെ പേരിൽ വിഭജിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ‘ഞങ്ങളുടെ സമീപത്തുള്ള ക്ഷേത്രങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് എല്ലാ പിന്തുണയും മുസ്ലീം കമ്മിറ്റികൾ നൽകിയിട്ടുണ്ടെന്ന്’ പള്ളി കമ്മിറ്റി അംഗം പറഞ്ഞു. കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം കമ്മിറ്റി പ്രസിഡൻറ് കെ എം എസ് ഭട്ടതിരിപ്പാടാണ് അർബുദ ബാധിതയായ പെൺകുട്ടിയുടെ ചികിത്സക്കായി രൂപീകരിച്ച സമിതിക്ക് തുക കൈമാറിയത്. ട്രഷറർ ബാഹുലേയൻ, വൈസ് പ്രസിഡന്റ് അറുമുഖൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.