
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ നിർദ്ദേശം. ഫര്സീന് മജീദിനെതിരെ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാപ്പ ചുമത്താൻ ഡിഐജി തലത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ അനുമതി തേടി. സ്ഥിരം കുറ്റവാളിയാണ് ഫര്സീന് എന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫർസീൻ മജീദിൻ്റെ കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിച്ച് കണ്ണൂർ ജില്ലയിൽനിന്ന് നാടുകടത്തണമെന്നാണ് പൊലീസ് ശുപാർശ. ഫർസീൻ മജീദിനെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 19 കേസുകൾ ഫർസീൻ മജീദിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് ആണ് ഫർസീൻ മജീദ്.
ജൂണ്‍ 12ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഫര്സീന് മജീദും, ആര് കെ നവീന്‍ എന്നിവരായിരുന്നു വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി അദ്ദേഹം ഇരുന്നിരുന്ന സീറ്റിലേക്ക് അടുത്തത്. ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പിടിച്ചു തള്ളിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതിഷേധം നടന്നതെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെയും വിമാന കമ്പനി നടപടിയെടുത്തിരുന്നു.